Sun. May 26th, 2019

Viral in kerala

the complete viral channel

പുറത്തെ കടുത്ത വെയിലിൽ നടന്നതുകൊണ്ടാവണം അച്ഛന്റെ പഴകിയ ആ കുപ്പായം വിയർത്തുനനഞ്ഞ് ശരീരത്തോട് ഒട്ടിയിരുന്നു

1 min read

“അല്ല നിങ്ങളൊന്നും കഴിക്കാതെ ഓഫീസിലേക്ക് പോകുവാണോ… ”

” എനിക്കു വേണ്ടടീ… ഇപ്പൊത്തന്നെ ലേറ്റായി…അവിടെ പിടിപ്പതു പണിയുണ്ട്… ഞാനിറങ്ങുവാ… ”

ഭാര്യയോടു യാത്ര പറഞ്ഞിറങ്ങുമ്പോൾ വരാന്തയിലിരുന്ന് ഇളകിയ കൈക്കോട്ട് ഉറപ്പിക്കുന്ന അച്ഛനെ ഞാൻ കണ്ടെങ്കിലും യാത്ര പറയാനൊന്നും നിന്നില്ല…

എങ്കിലും കണ്ണിൽ നിന്നുമായുംവരെ ഞാൻ പോകുന്നത് വരാന്തയിലിരുന്ന് നോക്കിയിരിക്കുന്ന അച്ഛനെ എനിക്ക് വണ്ടിയുടെ കണ്ണാടിയിലൂടെ കാണാമായിരുന്നു…

ഉച്ചയോടടുത്ത് കാണും… രണ്ടാം നിലയിലെ ഓഫീസിലെ ചില്ലിട്ട മുറിയിലിരുന്ന് ഫയലുകൾ നോക്കുന്നതിനിടയിൽ ദൂരെ ഓഫീസ് ഗേറ്റു കടന്നു വരുന്ന ഒരു വെള്ള മുണ്ടും ഷർട്ടും ധരിച്ച രൂപം കണ്ണിൽ ഉടക്കിയെങ്കിലും അതൊരിക്കലും അച്ഛനാകുമെന്ന് ഞാൻ കരുതിയിരുന്നില്ല…

രാവിലെ കഴിക്കാതെ ഇറങ്ങിയതു കൊണ്ടുള്ള നല്ല വിശപ്പുണ്ട്,ജോലിയുടെ ടെൻഷൻ വേറെ. അതുകൊണ്ടാണ് ഒരു സിഗററ്റ് പുകയ്ക്കാനായായി ഓഫീസ് മുറിയിൽ നിന്നുമിറങ്ങിയത്.

മുകളിലെ നിലയിൽ നിന്നും താഴെയിറങ്ങിയപ്പോഴാണ് താഴെ റിസപ്ഷനിലെ പെൺകുട്ടിയുടെ ഇംഗ്ലീഷിലുള്ള ചോദ്യങ്ങൾക്കുത്തരം നല്കാനാകാതെ വിളറിവെളുത്തു നിൽക്കുന്ന അച്ഛനെ ഞാൻ കണ്ടത്.

പുറത്തെ കടുത്ത വെയിലിൽ നടന്നതുകൊണ്ടാവണം അച്ഛന്റെ പഴകിയ ആ കുപ്പായം വിയർത്തുനനഞ്ഞ് ശരീരത്തോട് ഒട്ടിയിരുന്നു. പൊടിപിടിച്ചു നിറം മങ്ങിയ ഒറ്റമുണ്ടിൻതലപ്പുകൊണ്ട് വിയർത്തു വാടിയ മുഖം ഇടയ്ക്കിടെ തുടക്കുന്നുമുണ്ട്.

അവിടെ ഉണ്ടായിരുന്നവർ പുച്ഛത്തോടെ അച്ഛനെ നോക്കി കമന്റ് പറയുന്നതും ചിരിക്കുന്നതും കേട്ട് എനിക്ക് നാണക്കേടുതോന്നി.

എന്നെ കണ്ടതും ആശ്വാസത്തോടെ അയാൾ എന്റെന്റെയടുത്തേക്കുവന്നു. വിയർത്തൊലിച്ച് മുഷിഞ്ഞ കുപ്പായവും മുണ്ടുമായി ഓഫീസിലേക്ക് കയറിവന്ന പരിഷ്കാരം തൊട്ടു തീണ്ടാത്ത മനുഷ്യനെ എനിക്കൊരു കുറച്ചിലായാണ് തോന്നിയത്.

“അച്ഛനെന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്… എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അവളോട് പറഞ്ഞാൽ പോരായിരുന്നോ…” -കെറുവിച്ച് ഞാൻ ചോദിച്ചു.

” ഞാൻ… ഇതു തരാൻ വന്നതാ…” – കയ്യിലിരുന്ന കവർ എനിക്കു നേരേ നീട്ടി അച്ഛൻ പറഞ്ഞു.

“ഇതെന്തായിത്… എന്താണേലും ഞാൻ വൈകിട്ടു വീട്ടിൽ വരുമ്പോ തന്നാൽ പോരായിരുന്നോ?… അച്ഛനീ വേഷത്തിലിങ്ങോട്ടു വരുന്നതെനിക്ക് നാണക്കേടാ… ” – ദേഷ്യത്തോടെ ഞാനാ കവർ വാങ്ങിയെങ്കിലും തുറന്നു നോക്കിയില്ല.

ഞാൻ അത്രയും പറഞ്ഞെങ്കിലും തിരിച്ചൊരക്ഷരം മിണ്ടാതെ തിരിച്ചു നടക്കാൻ തുടങ്ങിയ അച്ഛനോട് ഞാൻ വിളിച്ചുചോദിച്ചു… ” വണ്ടിക്കൂലി ഉണ്ടോ തിരിച്ചു പോകാൻ…. ”

എന്റെ ചോദ്യതിനുത്തരമായി അച്ഛന്റെ വിയർത്തൊട്ടിയ കുപ്പായത്തിന്റെ കീശയിലുണ്ടായിരുന്ന ഒരു മുഷിഞ്ഞ ഇരുപതു രൂപയുടെ നോട്ട് എന്നെ കീശയിൽ നിന്നെടുത്തു കാണിച്ചു.

തിരിച്ച് ഓഫീസ് മുറിയിലെത്തിയതും അച്ഛൻ തന്ന ആ കവർ ഞാൻ മേശയിലേക്കിട്ടു… അപ്പോഴാണ് അതിൽ നിന്നും ഒരു ചോറ്റുപാത്രം ഉരുണ്ടുതാഴെ വീണത്.

ആ വീഴ്ചയിൽ അത് തുറന്ന് അതിൽ നിന്നു രണ്ടു മൂന്നു കുമ്പിളപ്പം തെറിച്ചു താഴെ വീണു.എന്റെ കണ്ണുകൾ നിറഞ്ഞു…ഞാൻ രാവിലെ ഭക്ഷണം കഴിക്കാതെയിറങ്ങിയത് കണ്ട് എനിക്കായി കൊണ്ടുവന്നതാ പാവം…

കുമ്പിളപ്പം എനിക്കു ജീവനാണെന്നച്ഛനറിയാം…ഞാനതിൽ നിന്നുമൊരെണ്ണമെടുത്ത് കഴിച്ചു. ഉണ്ടായിരുന്ന വിശപ്പും ദേഷ്യവുമൊക്കെ അലിഞ്ഞില്ലാതായതുപോലെ തോന്നി.

ബാക്കിയുണ്ടായിരുന്നവ ചോറ്റുപാത്രത്തിലാക്കി ആ കവറിൽ വയ്ക്കുമ്പോഴാണ് ആ കവറിലുണ്ടായിരുന്ന മറ്റൊരു ചെറിയ കടലാസുപൊതി ഞാൻ കാണുന്നത്.

ഞാനതെടുത്ത് തുറന്നു നോക്കി. എന്റെ പേരിൽ അച്ഛൻ അടുത്തുള്ള അമ്പലത്തിൽ വഴിപാടു നടത്തിയ പ്രസാദമായിരുന്നു അതിൽ. അതിനോടൊപ്പമുണ്ടായിരുന്ന വഴിപാടു രസീതിലെ തിയതി കണ്ടപ്പോഴാണ് ഇന്നെന്റെ പിറന്നാളാണെന്ന് ഞാനറിഞ്ഞത്.

എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. പെട്ടെന്ന്തന്നെ ഓഫീസിൽ നിന്നിറങ്ങി വണ്ടിയെടുത്ത് അടുത്തുള്ള ബസ് സ്റ്റോപ്പിലേക്ക് പോയി നോക്കിയെങ്കിലും അച്ഛനെയവിടെ കണ്ടില്ല.

കുറച്ചു കൂടി മുന്നോട്ടു പോയപ്പോഴാണ് പൊരിവെയിലിൽ റോഡ് സൈഡിലൂടെ നടക്കുന്ന അച്ഛനെ ഞാൻ കണ്ടത്. വണ്ടി നിർത്തി ഞാൻ അച്ഛന്റെ അടുത്തുചെന്നു.

” അച്ഛനെന്തിനാ ഈ വെയിലത്തു നടന്നത്? ബസ് കിട്ടിയില്ലേ….” – വിങ്ങിപ്പൊട്ടിയാണതു ഞാൻ ചോദിച്ചത്.

”രാവിലെ അമ്പലത്തിൽ പോയിരുന്നതുകൊണ്ട് കാലത്ത് ഒന്നും കഴിച്ചില്ലാരുന്നു… അതോണ്ട് ഞാനിപ്പൊ ഒരു മോരും വെള്ളം വാങ്ങിക്കുടിച്ചു… അത് കൊണ്ട് വണ്ടിക്കൂലി പോരാതെ വന്നു … പിന്നേം നിന്റെ ആപ്പീസിൽ വന്നാൽ നിനക്കിഷ്ടായില്ലെങ്കിലോ ന്നോർത്താ ഞാൻ നടന്നത്….” – വിക്കി വിക്കി അച്ഛൻ പറഞ്ഞൊപ്പിച്ചു.

അച്ഛന്റെ മറുപടി കേട്ട് ഞാൻ അച്ഛനെ കൈയ്യിൽപിടിച്ച് എന്തുപറയണമെന്നറിയാതെ വിങ്ങിപ്പൊട്ടി.

“നീ വിഷമിക്കണ്ട …സമയത്തിന്റെയാ എല്ലാം… നിനക്കിപ്പൊ ഏഴരശനിയാണ്.അതോണ്ട് ഞാൻ അമ്പലത്തീ നിനക്കുവേണ്ടി ശയനപ്രദക്ഷിണോം ചെയ്തിട്ടുണ്ട്… ഇനി എല്ലാം നേരേയായിക്കോളും…. ” :- എന്റെ തലയിൽ തലോടി എന്നെ ആശ്വസിപ്പിക്കുന്നതിനിടെ അച്ഛൻ പറഞ്ഞു കൊണ്ടിരുന്നു…

Sudhi P

Copyright © All rights reserved. | Newsphere by AF themes.
fvgbhjnkl,;